ദുബായ്: എബോള വൈറസ് വ്യാപനത്തിനെതിരെ മുൻകരുതലായി യുഎഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ പുതിയ യാത്രാ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, പ്രധാന വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും യാത്രക്കാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
എമിറേറ്റ്സ് വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം, ജൂൺ 6 ഉച്ചയ്ക്ക് 1 മണി മുതൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ യുഎഇയിലേക്ക് പ്രവേശിക്കാൻ പാടില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ കുറഞ്ഞത് 21 ദിവസം മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞിട്ടുണ്ടിരിക്കണം.
കണക്റ്റിങ് ഫ്ലൈറ്റുകളിലൂടെയും ട്രാൻസിറ്റ് മാർഗങ്ങളിലൂടെയും എത്തുന്ന യാത്രക്കാർക്കും ഈ നിയമം ബാധകമാണ്. ട്രാൻസിറ്റ് വഴി മറ്റൊരു രാജ്യത്തിലേക്ക് പോകുന്നവർ പ്രവേശന നിയമങ്ങൾ കൃത്യമായി പാലിക്കണമെന്നും എമിറേറ്റ്സ് അറിയിച്ചു.
ഫ്ലൈദുബായും യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തിന്റെ പ്രവേശന മാനദണ്ഡങ്ങൾ മുമ്പ് പരിശോധിച്ച് ഉറപ്പാക്കണമെന്നും, പ്രാദേശിക സർക്കാർ, പൊതുജനാരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. വിമാന കമ്പനികൾ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ച് മുൻകരുതലുകൾ തുടരുമെന്നും അറിയിച്ചു.






