തൃശൂർ: മെസിയെ കേരളത്തിൽ എത്തിക്കുന്നതിനെക്കാളും, കേരളത്തിൽ മെസിമാരെ വാർത്തെടുക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി ഒ.ജെ. ജനീഷ്. തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻപ് മെസിയെ കൊണ്ടുവരാൻ ശ്രമിച്ചത് അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടാണോ എന്ന് പരിശോധിക്കും. അന്നത്തെ മന്ത്രി പരാജയപ്പെടാൻ കാര്യം തന്നെ മെസി വരുന്നതുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റാണ്. കലൂർ സ്റ്റേഡിയത്തിലെ മരം മുറിച്ചതും സ്റ്റേഡിയം നവീകരണവും സംബന്ധിച്ച് അന്വേഷണം നടത്താൻ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കായിക മേഖലയുടെ വികസനത്തിന് കേന്ദ്ര സർക്കാരിലേക്ക് പുതിയ പദ്ധതികൾ സമർപ്പിക്കും. കഴിഞ്ഞ സർക്കാരിന് ഈ കാര്യത്തിൽ വീഴ്ച സംഭവിച്ചു. സ്കൂളുകളിൽ മറ്റു വിഷയങ്ങൾക്ക് നൽകുന്ന അതേ പരിഗണന കായിക വിദ്യാഭ്യാസത്തിനു നൽകേണ്ടതുണ്ട്. സ്‌പോർട്‌സ് മന്ത്രിയെന്ന നിലയിൽ പരമാവധി കളിസ്ഥലങ്ങൾ ഒരുക്കുക എന്നതിനാണ് പ്രഥമ പരിഗണന – കായിക മന്ത്രി പറഞ്ഞു.






