ചെന്നൈ: മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ നേതൃത്വത്തിലുളള ടി.വി.കെ. സർക്കാരിനെ അധികാരത്തിൽനിന്നു താഴെയിറക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
ഡിഎംകെ നേതൃത്വം നൽകിയ സഖ്യത്തിലൂടെ നിയമസഭാ സീറ്റുകൾനേടിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപവത്കരിച്ചത്. അതുകൊണ്ടുതന്നെ സർക്കാരിനെ താഴെയിറക്കാൻ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കണം. ഡിഎംകെയുടെ സഖ്യകക്ഷികളുടെ പിന്തുണകൊണ്ടാണ് ടിവികെ സർക്കാർ നിലനിൽക്കുന്നതു തന്നെ. ഡിഎംകെ അധികാരത്തിലെത്തണമെന്ന് ആഗ്രഹിച്ച പാർട്ടികളാണ് അവ.
ടിവികെയെ പിന്തുണയ്ക്കുന്നതിനുമുമ്പ് അവർ താനുമായി കൂടിയാലോചന നടത്തിയിരുന്നു. തീരുമാനമെടുക്കാൻ ജനാധിപത്യപരമായ അവകാശമുണ്ടെന്ന് അവരോട് പറഞ്ഞു. തമിഴ്നാട്ടിൽ ഗവർണർഭരണം തടയുക എന്നതായിരുന്നു തന്റെ ലക്ഷ്യം. ഗവർണർവഴി ബിജെപിക്ക് സംസ്ഥാനം ഭരിക്കാൻ ഇടവരുത്തരുതെന്നാണ് കരുതിയത്. ഉടൻതന്നെ ടിവികെ സർക്കാരിനെ താഴെയിറക്കണം- സ്റ്റാലിൻ പറഞ്ഞു.
വർഷങ്ങളായി ഡിഎംകെ വിജയവും പരാജയവും ഒരു പോലെ ഏറ്റുവാങ്ങിയിട്ടുണ്ട്. പ്രവർത്തകർ ജയപരാജയങ്ങൾ സമചിത്തതയോടെ ഉൾക്കൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്താനുളള പ്രവർത്തനങ്ങൾ തുടരണമെന്നും സ്റ്റാലിൻ നിർദേശിച്ചു. അടിയന്തരാവസ്ഥയെ എതിർത്ത് എം.കരുണാനാധി മറീന ബീച്ചിൽ ആളുകളെ വിളിച്ചുകൂട്ടി പ്രമേയം പാസാക്കിയതിനാലാണ് ഡിഎംകെയ്ക്ക് അന്ന് അധികാരം നഷ്ടപ്പെട്ടത്.
1991-ൽ ശ്രീലങ്കൻ തമിഴ് പ്രശ്നത്തിന്റെ പേരിൽ ഡിഎംകെയ്ക്ക് അധികാരം നഷ്ടപ്പെട്ടു. എന്നാൽ 1996-ൽ തങ്ങൾ വീണ്ടും ഭരണത്തിൽ തിരിച്ചെത്തി. 2001-ൽ വീണ്ടും തോൽക്കുകയും 2006-ൽ വിജയിക്കുകയും ചെയ്തു. തുടർന്ന് 2021-ൽ മാത്രമാണ് വീണ്ടും അധികാരത്തിൽ വന്നതെന്നും സ്റ്റാലിൻ പറഞ്ഞു.






