ന്യൂഡൽഹി: കോൺഗ്രസ് വിളിച്ച നാളത്തെ ഇന്ത്യ സഖ്യ യോഗത്തിൽ 23 പാർട്ടികൾ പങ്കെടുക്കുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ്. ചില പാർട്ടികൾ അസൗകര്യങ്ങൾ അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. യോഗം പന്ത്രണ്ട് മണിക്ക് ദില്ലി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ചേരും.
പശ്ചിമബംഗാളിലെ തൃണമൂൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം, കോൺഗ്രസ് നയങ്ങളെ വിമർശിച്ച് ചില ഘടകകക്ഷികൾ രൂക്ഷമായ അഭിപ്രായം പ്രകടിപ്പിക്കാൻ സജ്ജമാണ്. യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജി ദില്ലിയിലെത്തിയിട്ടുണ്ട്.
സി.പി.എം. മുൻകൂട്ടി പ്രഖ്യാപിച്ച പ്രകാരം കോൺഗ്രസ് നയങ്ങളെതിരെ ശക്തമായ പ്രതിഷേധം യോഗത്തിൽ അറിയിക്കുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ കടുത്ത അതൃപ്തിയും പ്രതിഷേധവും യോഗത്തിൽ അറിയിക്കാനാണ് സി പി എം തീരുമാനം.
ജാർഖണ്ഡ് രാജ്യസഭ സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ ജെ.എം.എമ്മും യോഗത്തിൽ പ്രതിഷേധം അറിയിക്കും. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഡി എം കെ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് തങ്ങളെ വഞ്ചിച്ചുവെന്നും അതിനാൽ കോൺഗ്രസ് പങ്കെടുക്കുന്ന ഒരു യോഗത്തിലും തങ്ങൾ ഭാഗമാകില്ലെന്നുമാണ് എം കെ സ്റ്റാലിനും ഡി എം കെയും അറിയിച്ചിട്ടുള്ളത്.






