തിരുവനന്തപുരം: പല്ലശ്ശനയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചുമാറ്റേണ്ടി വന്ന വിനോദിനിക്ക് പ്രായപൂർത്തിയാകുമ്പോൾ സർക്കാർ ജോലി നൽകണമെന്ന് ബാലാവകാശ കമ്മീഷൻ ശുപാർശ ചെയ്തു. ചീഫ് സെക്രട്ടറിക്ക് ലഭിച്ച ശുപാർശയിൽ കുട്ടിയുടെ ഭാവി സുരക്ഷ ഉറപ്പാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 24-നാണ് പല്ലശ്ശന സ്വദേശിനിയായ ഒമ്പതുവയസുകാരിയായ വിനോദിനി വീണ് പരിക്കേറ്റത്. തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃത്യമായ ചികിത്സ ലഭിച്ചില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ജില്ലാ ആശുപത്രിയിലെത്തി കൈക്ക് പ്രാഥമിക ചികിത്സ നല്‍കി പ്ലാസ്റ്ററിട്ട് വീട്ടിലേക്ക് വിട്ടു. പിന്നീട് കൈക്ക് അണുബാധയുണ്ടായി. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയപ്പോൾ ജീവൻ രക്ഷിക്കാൻ കൈ മുറിച്ചുമാറ്റേണ്ടിവന്നു.
വിനോദിനിയുടെ ചികിത്സാ ചെലവും വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കണമെന്നും, 21 വയസ് ആകുന്നതുവരെ എല്ലാ ചെലവുകളും സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി മുമ്പ് നിർദേശിച്ചിരുന്നു. കൈ നഷ്ടപ്പെട്ടത് ഭാവിയിൽ ജോലി ലഭിക്കുന്നതിൽ തടസമാകരുതെന്നും സർക്കാർ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശം ഉണ്ടായിരുന്നു.
സംഭവത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരായ മുസ്തഫും സർഫറാസും സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും, ഡോ. സർഫറാസ് സസ്പെൻഷൻ റദ്ദാക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.
കുട്ടിക്ക് കൃത്രിമ കൈ നൽകുന്നതിനും തുടർചികിത്സയ്ക്കും മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചെലവില്‍ കുട്ടിക്ക് കൊച്ചിയില്‍വെച്ച് കൃത്രിമ കൈ പിടിപ്പിച്ചിരുന്നു.






