ആലപ്പുഴ: ചേർത്തല ആഞ്ഞിലിപ്പാലം പ്രദേശത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. എ.എസ്. കനാലിൽ ഇറങ്ങിയാണ് നാട്ടുകാരുടെ പ്രതിഷേധം. ദേശീയപാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെയാണ് പ്രതിഷേധം അറിയിച്ചത്.
ദേശീയപാത നിർമ്മാണത്തെ തുടർന്ന് കനാൽ നിറഞ്ഞുകവിഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്തെ ഏകദേശം 200ഓളം വീടുകൾക്ക് വെള്ളഭീഷണി നേരിടുന്നതായി റിപ്പോർട്ടുണ്ട്.
ചേർത്തല നഗരസഭ ഭരണസമിതിയും വിഷയത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും വെള്ളം കയറുന്ന സാഹചര്യം ദേശീയപാതയുടെ അശാസ്ത്രീയ നിർമ്മാണമാണെന്ന് ഭരണസമിതി കുറ്റപ്പെടുത്തി.
പ്രദേശത്ത് അടിയന്തര ഇടപെടലും സ്ഥിരപരിഹാരവും ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.





