കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് നാവികർക്ക് രാജ്യം വിടാൻ ഹൈക്കോടതി അനുമതി നൽകി. ചില ഉപാധികളോടെയാണ് കോടതി അനുമതി നൽകിയത്. നാവികർ പത്ത് ലക്ഷം രൂപയുടെ ആൾജാമ്യവും ഒരു ലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റിയും നൽകണം. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയങ്ങളിൽ അന്വേഷണവുമായി സഹകരിക്കണമെന്നും ഓൺലൈനായി ഹാജരാകണമെന്നും കോടതി നിർദേശിച്ചു.
കപ്പലിന്റെ ക്യാപ്റ്റൻ ഉൾപ്പെടെ മറ്റ് നാല് നാവികരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. മജിസ്ട്രേറ്റിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും ഇതുസംബന്ധിച്ച അന്തിമ തീരുമാനം. ഇതിനിടെ, അപകടത്തിൽപ്പെട്ട എംഎസ്‌സി എല്‍സ 3 കപ്പലിനെക്കുറിച്ച് അദാനി പോർട്സ് പുതിയ വിവരങ്ങൾ പുറത്തുവിട്ടു. വിഴിഞ്ഞം തുറമുഖത്ത് എത്തിയപ്പോഴേക്കും കപ്പൽ വലതുവശത്തേക്ക് മൂന്ന് ഡിഗ്രിയിലധികം ചെരിഞ്ഞ നിലയിലായിരുന്നുവെന്നാണ് കമ്പനി വ്യക്തമാക്കിയത്.
കപ്പലിൽ ഇതിനോടകം വെള്ളം കയറിയിരുന്നുവെന്നും കപ്പലിന്റെ സ്ഥിരതയെ ബാധിക്കുന്ന രീതിയിൽ ബല്ലാസ്റ്റ് ടാങ്കിൽ ചോർച്ച ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 2006-ൽ അപകടത്തിൽപ്പെട്ട കപ്പലായിരുന്ന എംഎസ്‌സി എല്‍സ 3-ന് പിന്നീട് കാര്യമായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
2025 മെയ് 25-ന് കൊച്ചി തീരത്തുനിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് കപ്പൽ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡും നേവിയും ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. എന്നാൽ കപ്പൽ അപകടം കേരള തീരപ്രദേശത്ത് മത്സ്യബന്ധന മേഖലയിലും വലിയ ആശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട്.






