പുതുച്ചേരി: ബിരിയാണിയിൽ ചത്ത പ്രാണിയെ കണ്ടെത്തിയ സംഭവത്തിൽ റസ്റ്ററന്റിന് ഉപഭോക്തൃ കോടതി പിഴയും അപൂർവ ശിക്ഷയും വിധിച്ചു. പരാതിക്കാരന് 10,000 രൂപ നഷ്ടപരിഹാരവും 3,000 രൂപ കേസ് നടത്തിപ്പ് ചെലവും റസ്റ്ററന്റ് നൽകണമെന്ന് പുതുച്ചേരി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
കൂടാതെ അഞ്ച് ആഴ്ചകളിൽ ഓരോ ആഴ്ചയും രണ്ട് പ്ലേറ്റ് ഹൈദരാബാദി ചിക്കൻ ബിരിയാണി (ആകെ 10 പ്ലേറ്റ്) പരാതിക്കാരന് സൗജന്യമായി നൽകണമെന്നും നിർദേശിച്ചു. പുതുച്ചേരിയിലെ ബിരിയാണി ആൻഡ് കോ റസ്റ്ററന്റിനെതിരെയാണ് കോടതിയുടെ നടപടി. 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം മോശം ഭക്ഷണം നൽകുന്നത് “സേവനത്തിലെ ഗുരുതര വീഴ്ച” എന്ന നിലയിൽ കമ്മീഷൻ വിലയിരുത്തി.
2025 ഡിസംബർ 8-ന് പരാതിക്കാരനായ പി. സുന്ദരകുമാര മണികണ്ഠൻ സുഹൃത്തുമായി റസ്റ്ററന്റിൽ ബിരിയാണി കഴിച്ചതിനിടെ ചത്ത ഈച്ചയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. മണികണ്ഠൻ 1,30,000 രൂപ നഷ്ടപരിഹാരത്തിന് നിയമ നോട്ടീസ് അയച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല.
വീഡിയോ ദൃശ്യങ്ങളിൽ ബിരിയാണിയിൽ ചത്ത ഈച്ചയെ വ്യക്തമായി കാണപ്പെട്ടുവെന്നും കോടതി അറിയിച്ചു. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ച്, രണ്ടാഴ്ചക്കുള്ളിൽ, റസ്റ്ററന്റ് സൗജന്യ ബിരിയാണി വിതരണം ആരംഭിക്കണമെന്നും കോടതി ഉത്തരവിട്ടു.






