ന്യൂഡൽഹി: പാർട്ടിയുടെയും മമത ബാനർജിയുടെയും ശക്തമായ വക്താവായി അറിയപ്പെടുന്ന ജാദവ്പുര്‍ എംപിയും നടിയുമായ സയോണി ഘോഷ് വിമതപക്ഷത്തിനൊപ്പമാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്.
വിമതപക്ഷത്തോടൊപ്പം ചേർന്നതായി സയോണി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പാർട്ടിയിലെ അസംതൃപ്തരായ എംപിമാരുമായി അവർ ബന്ധപ്പെട്ടതായും വിമതരെ പിന്തുണയ്ക്കുന്ന രേഖകളിൽ ഒപ്പുവെച്ചതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിമതനീക്കത്തിന് നേതൃത്വം നൽകുന്ന നേതാക്കളുമായി സയോണി ആശയവിനിമയം നടത്തിയതായും സൂചനകളുണ്ട്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാർട്ടിക്കുള്ളിൽ രൂപപ്പെട്ട അതൃപ്തിയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിലയിരുത്തൽ. വിമത എംപിമാർ നിലവിൽ ഡൽഹിയിൽ തമ്പടിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
മമത ബാനർജിയുടെ ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളായി കണക്കാക്കപ്പെട്ടിരുന്ന സയോണി ഘോഷിന്റെ പേരാണ് ഇപ്പോൾ വിമതപക്ഷത്തോട് ചേർത്ത് കേൾക്കപ്പെടുന്നത്. പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ ചുമതല അടുത്തിടെ സയോണിക്ക് നൽകിയിരുന്നു. മമത ബാനർജിയെ ഭാവി പ്രധാനമന്ത്രിയായി വിശേഷിപ്പിച്ചും തൃണമൂലിന്റെ രാഷ്ട്രീയ നിലപാടുകൾ ശക്തമായി പ്രതിരോധിച്ചും നിരവധി വേദികളിൽ അവർ സംസാരിച്ചിരുന്നു.
ബിജെപിയെയും എൻഡിഎയെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന സയോണിയുടെ പേരാണ് ഇപ്പോൾ വിമതപക്ഷത്തോടൊപ്പം ഉയരുന്നത് എന്നതാണ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നത്. വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി സർക്കാരിനെതിരെ അവർ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും വിവിധ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ള നേതാവാണ് സയോണി.
അതേസമയം, വിമതപക്ഷത്തിലെ ചില നേതാക്കൾ ബിജെപി നേതൃത്വവുമായി ചർച്ചകൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. തൃണമൂൽ വിട്ട നേതാവ് സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായി നടത്തിയ കൂടിക്കാഴ്ചയും ഈ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
പാർലമെന്റിൽ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുന്നതിനും എൻഡിഎയെ പിന്തുണയ്ക്കുന്നതിനുമായി ഒരു വിഭാഗം എംപിമാർ നീക്കം നടത്തുന്നുവെന്നാണ് സൂചന. ഈ പശ്ചാത്തലത്തിൽ സയോണി ഘോഷിന്റെ നിലപാട് തൃണമൂൽ കോൺഗ്രസിന്റെ ഭാവി രാഷ്ട്രീയത്തെ സ്വാധീനിക്കുമോ എന്നതാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച.






