തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. അന്നത്തെ പ്രതിപക്ഷ നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ വി.ഡി. സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്നാവശ്യപ്പെട്ടാണ് കടകംപള്ളി ഉപഹർജി നൽകിയത്.
സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട കോടതി നടപടികൾ വി.ഡി. സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും, അത് അപകീർത്തികരമാണെന്നും ചൂണ്ടിക്കാട്ടി ഇത്തരം പരാമർശങ്ങൾ തടയണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ ഈ ആവശ്യം കോടതി അംഗീകരിച്ചില്ല.
സ്വർണക്കൊള്ള ആരോപണങ്ങളിലൂടെ തനിക്ക് അപകീർത്തിയുണ്ടായെന്ന് ആരോപിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കടകംപള്ളി സമർപ്പിച്ച പ്രധാന ഹർജിക്കൊപ്പമാണ് ഉപഹർജിയും നൽകിയിരുന്നത്. അതേസമയം, അപകീർത്തിയുമായി ബന്ധപ്പെട്ട പ്രധാന ഹർജിയിലെ വാദം തുടരും.






