തിരുവനന്തപുരം: കാട്ടാന ആക്രമണം തടയാന്‍ 500 പേരുടെ സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സ് രൂപീകരിക്കാന്‍ നിര്‍ദ്ദേശം. കാട്ടാന ആക്രമണ സാധ്യത കൂടുതലുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് നടപടി.
മന്ത്രി ഷിബു ബേബി ജോണ്‍ ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. പദ്ധതി പ്രകാരം അഞ്ചുപേര്‍ വീതമുള്ള 100 ബാച്ചുകളായി യൂണിറ്റുകള്‍ രൂപീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിക്കും. വന്യജീവി സാന്നിധ്യത്തെ കുറിച്ച് അറിവുള്ള ഗോത്രവര്‍ഗ്ഗ വിഭാഗങ്ങള്‍, വനംവകുപ്പില്‍ നിന്നും വിരമിച്ച വിദഗ്ധര്‍, പരിചയസമ്പന്നരായ തദ്ദേശവാസികള്‍, സാങ്കേതിക പരിജ്ഞാനമുള്ളവര്‍ എന്നിവരെയാണ് ഫോഴ്‌സില്‍ ഉള്‍പ്പെടുത്തുക.
ആനകളുടെ സഞ്ചാരപഥങ്ങള്‍ നിരീക്ഷിക്കല്‍, ജനവാസ മേഖലകളില്‍ മുന്നറിയിപ്പ് നല്‍കല്‍, സൗരോര്‍ജ്ജ വേലികള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തല്‍, ആര്‍ആര്‍ടി സംഘങ്ങള്‍ക്ക് പിന്തുണ നല്‍കല്‍ തുടങ്ങിയവയാണ് പ്രധാന ചുമതലകള്‍.
കാട്ടാനകള്‍ ജനവാസ മേഖലയിലേക്കെത്തുന്ന സാഹചര്യങ്ങളില്‍ 24 മണിക്കൂറും പട്രോളിംഗ് നടത്തി സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.




