മുംബൈ: പൊതുസ്ഥലത്ത് തുപ്പരുതെന്ന് ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ വയോധികനെ ക്രൂരമായി മർദിച്ചു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം താനെ വെസ്റ്റിലെ ജൂപ്പിറ്റർ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ഭാര്യയ്‌ക്കൊപ്പം നടന്ന് പോവുകയായിരുന്ന 75-76 വയസ്സുള്ള സരോജ് ദസ്തൂർ എന്ന വയോധികൻ, വെള്ളം കൊണ്ട് വായ കഴുകിയ ശേഷം റോഡിൽ തുടർച്ചയായി തുപ്പുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്.
വിവാദം രൂക്ഷമായതോടെ ഡ്രൈവർ വയോധികനെ ആക്രമിക്കുകയും നിലത്തേക്ക് തള്ളിയിടുകയും ചെയ്തു. തുടർന്ന് വലിയ കല്ലെടുത്ത് ദസ്തൂറിന് നേരെ എറിയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിൽ ദസ്തൂറിന്റെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും ഒടിവ് സംഭവിക്കുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. പൊതുസ്ഥലങ്ങളിൽ ശുചിത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട ഒരു മുതിർന്ന പൗരനെ ക്രൂരമായി ആക്രമിച്ചത് അംഗീകരിക്കാനാകില്ലെന്നാണ് നിരവധി പേരുടെ പ്രതികരണം.
സംഭവത്തിൽ ഓട്ടോ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിക്കെതിരെ കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി അന്വേഷണം ആരംഭിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






