കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ കാഞ്ചൻപാറയിലെ സ്വകാര്യ സ്കൂളിൽ വൻ സാമ്പത്തിക തട്ടിപ്പ്. കാഞ്ചൻപാറ ഹാർനെറ്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പരിസരത്ത് നിന്ന് രേഖകളില്ലാത്ത 1.77 കോടി രൂപ പൊലീസ് പിടിച്ചെടുത്തു.
സ്കൂളിൽ ഫണ്ട് ദുരുപയോഗം, വഞ്ചന, കബളിപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ബിസ്പൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. സ്കൂളിന് തുടർച്ചയായി സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ദാസൻ ചന്ദ്ര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പണം കണ്ടെത്തിയത്. പരാതിക്കാരന്റെയും മറ്റ് ജീവനക്കാരുടെയും സാന്നിധ്യത്തിൽ സ്കൂളിലെ അക്കൗണ്ട് ലോക്കർ തുറന്നപ്പോഴാണ് വലിയ തുക കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ അക്കൗണ്ടന്റെയും ജൂനിയർ അക്കൗണ്ടന്റെയും ഉൾപ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
പണത്തിന് പുറമെ, സ്കൂൾ ക്യാമ്പസിൽ നിന്ന് മദ്യക്കുപ്പികൾ, കോണ്ടം പാക്കറ്റുകൾ, കിടപ്പുമുറിക്ക് സമാനമായ സജ്ജീകരണങ്ങൾ എന്നിവയും പൊലീസ് കണ്ടെത്തി. ഇതോടെ സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവം രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. ബിജെപി എംഎൽഎ സുദീപ്ത ദാസ് സ്കൂൾ സന്ദർശിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇത്തരമൊരു സംഭവം ഉണ്ടായത് ഗുരുതരമാണെന്ന് അദ്ദേഹം പ്രതികരിച്ചു. സ്കൂളിൽ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപയ്ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റെ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






