Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വന്യജീവി ആക്രമണങ്ങളിൽ കേരളം; മനുഷ്യജീവന് എവിടെ എന്ത് വില?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വേനലെന്നോ മഴയെന്നോ വ്യത്യാസമില്ലാതെ സംസ്ഥാനത്ത്‌ വന്യജീവി ആക്രമണങ്ങൾ തുടരുകയാണ്. ​​പാലക്കാടും മലപ്പുറത്തും വയനാടും പലയിടങ്ങളിലുമായി കാട്ടാന ആക്രമണങ്ങൾ കഴിഞ്ഞ ദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെട്ടു. സൂര്യനെല്ലി സിങ്കുകണ്ടത്ത്‌ മക്കളുടെ മുന്നിൽ മാരി എന്ന യുവതിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. മൂന്നാഴ്‌ചയ്‌ക്കുള്ളിൽ അഞ്ചുപേരാണ്‌ സംസ്ഥാനത്ത്‌ കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചത്‌.

വന്യജീവി ആക്രമണങ്ങൾ തുടർകഥയാകുമ്പോൾ വനംമന്ത്രിയുടെ പരിഹാസമാണ്‌ കഴിഞ്ഞദിവസം കേരളം കണ്ടത്‌. ‘മന്ത്രിസഭ മാറിയതറിഞ്ഞ്‌ ആനയിറങ്ങിയതാണോ എന്നറിയില്ല’, ‘മുഖ്യമന്ത്രിയും മന്ത്രിയും മാത്രമേ മാറിയിട്ടുള്ളൂ. ഉദ്യോഗസ്ഥരും ആനയും മാറിയിട്ടില്ല’, എന്നിങ്ങനെ പോകുന്നു കേരളത്തിലെ വനവകുപ്പ് മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസ പ്രതികരണങ്ങൾ. മനുഷ്യൻ വന്യജീവികളാൽ ആക്രമിക്കപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നതിനെ വളരെ ലാഘവത്തോടെ കണ്ട്‌ മന്ത്രി ഇത്തരത്തിൽ പരിഹസിക്കുന്നത് ഇത് രണ്ടാം തവണയാണ്.

സംസ്ഥാനത്തെ മലയോരമേഖലയിലും വനമേഖലയിലും വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത്‌ അടുത്തകാലത്ത്‌ ഏറെ വർധിച്ചിട്ടുണ്ട്‌. ജനവാസ മേഖലയിൽ വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ ഒറ്റമൂലി ഒന്നും കൈയിൽ ഇല്ല എന്നും മന്ത്രി പ്രതികരിച്ചിരുന്നു. ആക്രമണങ്ങളെ തടയാൻ നിയമനിർമാണം ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ച മുൻ എൽഡിഎഫ്‌ സർക്കാരിനെ കുറ്റപ്പെടുത്തിയവരാണ്‌ ഭരണത്തിൽ വന്നപ്പോൾ യഥാർഥ കാരണങ്ങളെക്കുറിച്ച്‌ പ്രതികരിക്കാൻപോലും തയ്യാറാകാതെ വിലകുറഞ്ഞ പരാമർശങ്ങൾ ഉന്നയിക്കുന്നത്.

1972ലെ വന്യജീവി സംരക്ഷണനിയമമാണ്‌ ​ജനവാസമേഖലയിൽ ഇറങ്ങി മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലുന്നതിന്‌ പ്രധാന തടസ്സം. ഈ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രസർക്കാരിനെതിരെ ഒരു വാക്കുപോലും ഇല്ലാതെയാണ്‌ വനംമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രതികരണം. പറയാൻ ഒന്നും കാണില്ല മന്ത്രി ജീവിക്കുന്നത് സുരക്ഷിതമായ സ്ഥലത്താണല്ലോ. എന്നാൽ, ഇതിൽ ഭേദഗതി വരുത്തണമെന്ന്‌ മുൻ എൽഡിഎഫ്‌ സർക്കാർ പലതവണ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെട്ടിരുന്നു എന്നുള്ളതും യാഥാർഥ്യമാണ്.

2024ൽ സംസ്ഥാന നിയമസഭതന്നെ പ്രമേയം പാസാക്കി അയച്ചു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നിട്ടും തീരുമാനമാകാതെ വന്നപ്പോൾ രാജ്യത്താദ്യമായി സംസ്ഥാനം വന്യജീവി സംരക്ഷണ നിയമഭേദഗതിക്ക്‌ ബിൽ അവതരിപ്പിക്കാൻ തയ്യാറായി. ജനവാസമേഖലയിൽ ഇറങ്ങി ആളുകളെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ ഉടൻ വെടിവച്ചുകൊല്ലാൻ ഉത്തരവിടാൻ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ അധികാരം നൽകി. പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചാൽ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാന സർക്കാരിന്‌ അധികാരം നൽകുന്ന വ്യവസ്ഥയും ബില്ലിലുണ്ടായിരുന്നു. ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്ന വന്യജീവികളെ കർഷകനും കൊല്ലുന്നതിന്‌ തടസ്സമില്ലായിരുന്നു.

വന്യജീവി ആക്രമണം തടയുന്നതിന്‌ 2022ൽ 620 കോടി രൂപയുടെ പദ്ധതികൾ സംസ്ഥാന സർക്കാർ സമർപ്പിച്ചെങ്കിലും ഒന്നുപോലും കേന്ദ്രം അനുവദിച്ചില്ല. എന്നാൽ, കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന്‌ കേരളത്തിൽനിന്നുള്ള യുഡിഎഫ്‌ എംപിമാർ പാർലമെന്റിൽ ശക്തമായ സമ്മർദം ചെലുത്താൻ തയ്യാറായില്ല. ഇത്തരത്തിൽ ഒരു തരത്തിലുമുള്ള നിയമനടപടികളോ ബദൽ മാർഗങ്ങളോ സ്വീകരിക്കാതെയാണ് മന്ത്രിയും സർക്കാരും ഇത്തരത്തിൽ പ്രതികരണങ്ങൾ നടത്തുന്നത്. നടപടികൾ സ്വീകരിക്കുന്നതിന് പകരം വന്യജീവി ആക്രമണം തടയുന്നതിൽ എൽഡിഎഫ്‌ സർക്കാർ പരാജയപ്പെട്ടുവെന്നും ഭരണമാറ്റമുണ്ടായാൽ ഉടൻ പരിഹാരമെന്നുമായിരുന്നു അന്ന്‌ യുഡിഎഫ്‌ പ്രചാരണം. അതും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു യുഡിഫ്.

വന്യജീവി ആക്രമണമുണ്ടായാൽ, നിലവിലുള്ള കേന്ദ്രനിയമം അനുസരിച്ചുതന്നെ മൃഗങ്ങളെ കൊല്ലാൻ ചീഫ്‌ വൈൽഡ്‌ ലൈഫ്‌ വാർഡന്‌ അധികാരമുണ്ടെന്ന വ്യാജപ്രചാരണംകൊണ്ട്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും യുഡിഎഫുകാർ മുൻപന്തിയിലുണ്ടായിരുന്നു. വനമുള്ള എല്ലാ സംസ്ഥാനങ്ങളിലും വന്യജീവി ആക്രമണം ഉണ്ടായിരുന്നെങ്കിലും കേരളത്തിൽ മാത്രമുള്ള പ്രേത്യേക പ്രതിഭാസമെന്ന മട്ടിൽ എൽഡിഎഫ്‌ സർക്കാരിനെതിരെ രാഷ്ട്രീയ ആയുധമാക്കി യുഡിഎഫും ബിജെപിയും.

യുഡിഫ് സർക്കാർ ഇപ്പോൾ സ്ത്രീകൾക്കായി നടപ്പിലാക്കുന്ന സൗജന്യ യാത്രയും പ്രകടന പത്രികയിലുള്ള ഇന്ദിര ഗ്യാരണ്ടികളും നടപ്പിലാക്കാക്കുന്നത് നല്ലതുതന്നെ. എന്നിരുന്നാലും, പ്രതിപക്ഷത്തിലായിരുന്നപ്പോൾ ഉണ്ടായിരുന്ന വാചാലതയും ഉത്സാഹവും ഭരണത്തിലേറിയപ്പോൾ കേന്ദ്രത്തിനെതിരെ പ്രതികരിക്കാൻ യുഡിഎഫ്‌ എന്തുകൊണ്ട് തയാറാകുന്നില്ല? വന, മലയോര മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന്‌ ആവശ്യപ്പെടാൻ എന്തുകൊണ്ട്‌ യുഡിഎഫ്‌ സർക്കാരും സംസ്ഥാന വനംമന്ത്രിയും തയ്യാറാകുന്നില്ല? ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതും, പ്രതികരിക്കുന്നവരെ പരിഹസിക്കുന്നതും സർക്കാരിന്റെയും മന്ത്രിയുടെയും പരാജയമാണ്. അത് തിരുത്താതെ മുൻപോട്ട് പോകുന്ന യുഡിഫ് സർക്കാർ എന്ത് ജനപക്ഷ സർക്കാരാണെന്നാണ് അവർ അവകാശപ്പെടുന്നത്?

Advertisement
WhiteswanTV Footer