കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നതായി പരാതി. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ.യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം. വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് ശക്തമായ കാറ്റ് വീശുകയും വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നു പോകുകയും ചെയ്തതായി വീട്ടുകാർ പറഞ്ഞു.
സംഭവ സമയത്ത് സൈമണും ഭാര്യയും വീട്ടിലുണ്ടായിരുന്നു. അപകടത്തിൽ ഓട് വീണ് സൈമണിന്റെ തോളിന് പരിക്കേറ്റിട്ടുണ്ട്. വിവരം സിയാൽ അധികൃതരെ അറിയിച്ചതായി കുടുംബം അറിയിച്ചു. കഴിഞ്ഞ മാസവും നെടുമ്പാശ്ശേരിയിൽ സമാനമായ സംഭവം നടന്നിരുന്നു. അന്ന് മറ്റൊരു വീട്ടിന്റെ മേൽക്കൂരയിലെ ഓടുകൾ വിമാനത്തിന്റെ താഴ്ന്ന പറക്കലിനെ തുടർന്ന് തകർന്നു വീണിരുന്നു. അന്ന് വലിയ നാശനഷ്ടവും റിപ്പോർട്ട് ചെയ്തിരുന്നു. വിമാനങ്ങൾ ഇറങ്ങുന്നതിനായി താഴ്ന്ന് പറക്കുമ്പോൾ ഉണ്ടാകുന്ന ശക്തമായ കാറ്റാണ് ഇത്തരം നാശനഷ്ടങ്ങൾക്ക് കാരണമെന്നാണ് പ്രദേശവാസികളുടെ ആരോപണം. പ്രശ്നം പലതവണ അറിയിച്ചിട്ടും പരിഹാരം ഉണ്ടായില്ലെന്നും കുടുംബം പറയുന്നു.






