തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട ശക്തമാക്കി ഓപ്പറേഷൻ തൂഫാൻ. ഇന്നെലെ മാത്രം 145 പേരെയാണ് അറസ്റ്റ് ചെയ്തത്. 137 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. റെയ്ഡുകളിൽ 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോ കഞ്ചാവും പിടിച്ചെടുത്തു. കൂടാതെ 91 കഞ്ചാവ് ബീഡികളും പൊലീസ് കണ്ടെത്തി.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിൽ നിന്ന് ഇതുവരെ 2259 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2440 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഇതുവരെ 1.375 കിലോ എംഡിഎംഎയും 128.268 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. 1428 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്.
ഇതിനിടെ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രത്യേക പരിശോധനയിൽ 196 ഗ്രാം എംഡിഎംഎ പിടികൂടി. കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ജാവേദ് ഖാൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡാൻസാഫ് സംഘവും കസബ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ നടന്ന റെയ്ഡുകളിൽ 197 പേർ അറസ്റ്റിലാകുകയും 175 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അതിൽ നിന്നും 120 ഗ്രാം എംഡിഎംഎയും 2 കിലോ കഞ്ചാവും പിടിച്ചെടുത്തിരുന്നു. സംസ്ഥാനത്തെ ലഹരി മാഫിയയെ തകർക്കാനാണ് ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചത്. പൊതുജനങ്ങൾക്ക് രഹസ്യ വിവരങ്ങൾ അറിയിക്കാൻ പ്രത്യേക നമ്പറുകളും അധികൃതർ നൽകിയിട്ടുണ്ട്.






