ബംഗളൂരു: ബെംഗളൂരുവിൽ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. സിക്കിം സ്വദേശിനിയായ അതി ഹാങ്മ സുബ്ബ (22) ആണ് കൊല്ലപ്പെട്ടത്. നഗരത്തിലെ ഒരു സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു യുവതി.
ഡാർജിലിങ് സ്വദേശിയായ പുർബ ലെപ്ചയാണ് കേസിലെ പ്രതി. ബെംഗളൂരുവിലെ ഒരു ഹോട്ടലിൽ വെയിറ്ററായി ജോലി ചെയ്യുന്ന ഇയാളും യുവതിയും പ്രണയത്തിലായിരുന്നു. ഒരു മാസം മുൻപാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. ദൊഡ്ഡക്കണ്ണഹള്ളിയിലെ വാടകവീട്ടിൽ ഒരുമിച്ചായിരുന്നു താമസം.
ഞായറാഴ്ച പുലർച്ചെ യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ പുർബ ലെപ്ച കത്തി ഉപയോഗിച്ച് അതി ഹാങ്മ സുബ്ബയെ ആക്രമിക്കുകയും കഴുത്തറുക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സംഭവത്തിൽ ബെല്ലന്ദൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






