കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ ഭിന്നശേഷിക്കാരിയായ 19-കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 77-കാരൻ അറസ്റ്റിൽ. കുറുമ്പൊയിൽ സ്വദേശി മണ്ടോത്തുമൂലയിൽ കേളനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ബഡ്സ് സ്കൂളിലെ മുൻ വിദ്യാർഥിനിയായ യുവതി കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. പ്രതി ബലപ്രയോഗത്തിലൂടെ യുവതിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
സംഭവത്തിന് ശേഷം വീട്ടിലെത്തിയ യുവതി രക്ഷിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കുടുംബം ബാലുശ്ശേരി പൊലീസിൽ പരാതി നൽകി.
ഇരയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.






