ലണ്ടൻ: റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ വിഭാഗത്തിൽപ്പെട്ട എണ്ണക്കപ്പൽ ബ്രിട്ടീഷ് സേന പിടിച്ചെടുത്തതായി റിപ്പോർട്ട്. യുക്രൈൻ യുദ്ധത്തിനായി റഷ്യ ഉപയോഗിക്കുന്ന സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഈ നീക്കം.
“സ്മിർട്ടോസ്” എന്ന കപ്പലാണ് യുകെ സമുദ്രപരിധിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ പിടികൂടിയത്. ആറു മണിക്കൂറോളം നീണ്ട ഓപ്പറേഷനിൽ റോയൽ മറൈൻ കമാൻഡോകളും നാഷണൽ ക്രൈം ഏജൻസിയിലെ പ്രത്യേക സംഘവും പങ്കെടുത്തു. റോയൽ എയർഫോഴ്സും രണ്ടു നാവികസേനാ കപ്പലുകളും ദൗത്യത്തിന് പിന്തുണ നൽകി.
പിടിച്ചെടുത്ത കപ്പൽ ഇംഗ്ലണ്ടിന്റെ തെക്കൻ തീരത്തെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി ശക്തമായ നിരീക്ഷണത്തിലാണ്. നിയമങ്ങൾ പാലിച്ചാണ് നടപടിയെന്നും അന്വേഷണം തുടരുകയാണെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റഷ്യയുടെ ഷാഡോ ഫ്ലീറ്റുമായി ബന്ധപ്പെട്ട കപ്പലുകൾക്കെതിരെ ബ്രിട്ടൻ ഇതുവരെ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടികളിലൊന്നാണിത്. പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുതിയ നിയമപ്രകാരം ഇത്തരം കപ്പലുകൾ പിടിച്ചെടുക്കാൻ അനുമതി നൽകിയിരുന്നു. റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന ഷാഡോ ഫ്ലീറ്റിലെ ഏകദേശം 600 കപ്പലുകൾക്ക് ബ്രിട്ടൻ ഇതിനകം ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നടപടി റഷ്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഡാൻ ജാർവിസ് പ്രതികരിച്ചു.






