കോട്ടയം: “ദൃഢം” സിനിമ തന്റെ കഥ മോഷ്ടിച്ചാണ് നിർമ്മിച്ചതെന്ന തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ. ശ്രീലേഖയുടെ ആരോപണം തള്ളി ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ ജോസഫ്. ശ്രീലേഖയുടെ യൂട്യൂബിൽ പങ്കുവെച്ചിരുന്ന ചെറുകഥ ഇന്നാണ് കണ്ടതെന്നും, അതിന് തന്റെ സിനിമയുമായി യാതൊരു സാമ്യവും തോന്നിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഉയർന്ന ആരോപണങ്ങളെ തുടർന്ന് 33 മിനിറ്റ് ദൈർഘ്യമുള്ള ആ ചെറുകഥ താനും തിരക്കഥാകൃത്തുക്കളും ചേർന്ന് പരിശോധിച്ചതായി മാർട്ടിൻ ജോസഫ് പറഞ്ഞു. “സിനിമ കണ്ടവർക്ക് വ്യക്തമാകും, ആ കഥയും ചിത്രവും തമ്മിൽ യാതൊരു ബന്ധവുമില്ല. ഒരു പോലീസ് സ്റ്റേഷൻ പശ്ചാത്തലമെന്നത് മാത്രമാണ് സാമ്യം. ബാക്കി എല്ലാം പൂർണ്ണമായും വ്യത്യസ്തമാണ്,” എന്ന് അദ്ദേഹം പ്രതികരിച്ചു.
ആരോപണം ഉയർത്തിയതിന് പിന്നിലെ കാരണം മനസ്സിലാകുന്നില്ലെന്നും, ആ ചെറുകഥ ആദ്യമായാണ് തങ്ങൾ കാണുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
ഷെയ്ൻ നിഗം പ്രധാന വേഷത്തിൽ എത്തിയ “ദൃഢം” സിനിമയെക്കുറിച്ചാണ് വിവാദം. മുൻ ഡിജിപി കൂടിയായ ആർ. ശ്രീലേഖ തന്റെ “കരിങ്കുടി പോലീസ് സ്റ്റേഷൻ” എന്ന ചെറുകഥ മോഷ്ടിച്ചാണ് ചിത്രം നിർമ്മിച്ചതെന്ന് ആരോപിച്ചിരുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ വർഷങ്ങൾ മുമ്പ് പ്രസിദ്ധീകരിച്ച കഥയാണ് സിനിമയുടെ അടിസ്ഥാനമെന്ന് അവർ അവകാശപ്പെടുന്നു.





