തൃശ്ശൂർ: വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികളെ സ്വകാര്യ ബസിൽ കയറ്റാതെ തടഞ്ഞ് കണ്ടക്ടർ. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബസ് സ്റ്റാൻഡിന് സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾ ബസ് കാത്തുനിൽക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ ബസ് പുറപ്പെടുന്നതിനിടെ വിരലിലെണ്ണാവുന്ന കുറച്ച് കുട്ടികളെ മാത്രമാണ് കണ്ടക്ടർ കയറ്റിയത്. കൂടുതൽ വിദ്യാർത്ഥികളെ കയറ്റാനാകില്ലെന്ന് കണ്ടക്ടർ പറഞ്ഞു.ബസിൽ കയറാൻ അനുമതി തേടിയ ഒരു വിദ്യാർത്ഥി ഒടുവിൽ കൈകൂപ്പി മടങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിലെ വനിതാ സൗജന്യ യാത്ര പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിലാണെന്ന് ബസ് ഉടമകൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ ബസുകളുടെ ഭാഗത്ത് നിന്ന് വിദ്യാർത്ഥികളോടുള്ള കടുത്ത സമീപനം ഉണ്ടാകുന്നതെന്ന ആരോപണവും ഉയരുന്നത്.





