സംഘപരിവാർ അജണ്ട കേരളത്തിൽ നടപ്പിലാക്കാനും അന്ധവിശ്വാസവും അശാസ്ത്രീയയും വളർത്തിയെടുക്കാനും ഉദ്ദേശിച്ചുള്ള കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ പിഎംശ്രീ പദ്ധതിയുടെ ഭാഗമാകാൻ കേരളത്തെ ഒരിക്കലും അനുവദിക്കരുതെന്ന് ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ്. ദേശീയ വിദ്യാഭ്യാസ നയവുമായി മുന്നോട്ട് പോകുമെന്ന മുഖ്യമന്ത്രി വിഡി സതീശന്റ നിലപാട് വിദ്യാഭ്യാസ സ്നേഹികളെയും ജനങ്ങളെയാകെയും കക്ഷിഭേദമെന്യെ നിരാശരാക്കുന്നതാണെന്നും ഇവർ വിമർശിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാറിൻ്റെ പല നയങ്ങളും അടിമുടി ജനവിരുദ്ധമായിരുന്നു. കേന്ദ്ര ബിജെപി സർക്കാറിന്റെ പല നയങ്ങളും അവർ നിർലജ്ജം ഇവിടെ നടപ്പിലാക്കി. അതിനോടുള്ള ആത്മാഭിമാനമുള്ള ഒരു ജനതയുടെ ശക്തമായ പ്രതിഷേധത്തിൻ്റെ ഉത്പന്നമാണ്, ഇന്നത്തെ സതീശൻ സർക്കാർ. അതിൽ മുഖ്യമായ ഒന്നാണ് പിഎം ശ്രീ പദ്ധതി. പ്രസ്തുതകരാറിൽ മന്ത്രിസഭ പോലും അറിയാതെ രഹസ്യമായി ഒപ്പിട്ട മുൻ സർക്കാർനടപടി വഞ്ചനാപരവും നിയമവിരുദ്ധവുമായിരുന്നു. ഇതിനെതിരെ കേരളത്തിൽ നടന്ന പ്രതിഷേധം ശക്തവുംസമഗ്രവുമായിരുന്നു. ഫണ്ടുകാട്ടി പ്രലോഭിപ്പിച്ചാൽ അശാസ്ത്രീയവും ഒരു വികലവുമായ ഒരു വിദ്യാഭ്യാസ പദ്ധതിയെ പ്രബുദ്ധ കേരളം വിഴുങ്ങുവാൻ പാടുണ്ടോ? അന്നു മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ,സെക്രട്ടറി തലത്തിൽ നടത്തിയ ധാരണാപത്രം ഒപ്പിടലിനെ ക്യാബിനറ്റ് മരവിപ്പിച്ചിടത്തു നിന്ന് അതിന് ജീവൻ വയ്പിക്കുവാനുള്ള ശ്രമം എതിർക്കപ്പെടേണ്ടതാണ്. കഴിഞ്ഞ നാലുവർഷവും കരാർ ഒപ്പിടാതെ മുൻ ഗവണ്മെൻ്റ് മാറി നിന്നു. ഒരു വർഷം മാത്രമുള്ളപ്പോൾ രഹസ്യമായി മന്ത്രിസഭയറിയാതെ കരാറാക്കിയതിൽത്തന്നെ ആ സർക്കാരിൻ്റെ കുറ്റബോധം പ്രകടമാണല്ലൊ. ആ പാപഭാരം തലയിലേറ്റാനല്ലല്ലൊ പുതിയ ജനവിധി എന്നും ഇവർ വിമർശിക്കുന്നു.
NEP യുടെ ഭാഗമായ പി എം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി മുന്നോട്ടു പോകും എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അങ്ങനെയെങ്കിൽ വിഷയം പരിശോധിക്കാൻ മന്ത്രിതല ഉപസമിതി എന്തിനാണെന്നും സർക്കാരിനോട് ചോദ്യമുണ്ട്. ഉപസമിതിയുടെ തീരുമാനം മുഖ്യമന്ത്രി മുൻകൂട്ടി പ്രഖ്യാപിക്കുകയായിരുന്നു എന്നു വരുന്നു.അതു ഉപസമിതിയെ അപഹസിക്കലല്ലെ? ഈ വസ്തുത മറച്ചുവെച്ചുകൊണ്ട് ഫണ്ട് മാത്രം സ്വീകരിക്കുമെന്നും കരിക്കുലം നിർദ്ദേശങ്ങൾ അവഗണിക്കുമെന്നും അദ്ദേഹം പറയുന്നത്. ജനകീയ പ്രതിഷേധത്തെ തുടർന്ന് മുൻ എൽഡിഎഫ് സർക്കാറിന്റെ കാലത്ത് തന്നെ പദ്ധതി പുനഃ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് എന്നു മന്ത്രിസഭ തീരുമാനിച്ചു കേന്ദ്രസർക്കാറിനെ അറിയിച്ചു കൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത് നിലവിലിരിക്കെ പദ്ധതിയുമായി മുന്നോട്ടുപോകും എന്ന പുതിയസർക്കാറിന്റെ പ്രഖ്യാപനം ക്യാബിനറ്റ് തീരുമാനമാണോ എന്ന ചോദ്യം സംഘടന ഉയർത്തുന്നു.





