കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികൾ കേരളത്തിൽ ശക്തമായി സ്വാധീനം ചെലുത്തുകയും കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വ്യാപനം ആസൂത്രിതമായി നടത്തുകയും ചെയ്യുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ ‘ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുന്ദമംഗലത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ തൂഫാൻ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലഹരി വ്യാപനത്തെ ചെറുക്കാൻ കുട്ടികളും രക്ഷിതാക്കളും പൊതുസമൂഹവും ഒരുമിച്ച് മുന്നോട്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ശക്തമായ ജനകീയ പ്രസ്ഥാനത്തിന് തുടക്കമിടുന്നതാണ് ഈ പദ്ധതിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന സ്വാധീനം കാരണം മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് അയക്കുന്നതിൽ പോലും ആശങ്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഹരിമുക്തമായ ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ കഴിഞ്ഞാൽ മാത്രമേ മികച്ച കേരളം സൃഷ്ടിക്കാനാകൂവെന്നും സജീവമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയെ തകർക്കാൻ യുവജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ലഹരി മാഫിയയുടെ വേരറുക്കാനുള്ള ഈ ദൗത്യത്തിന്റെ ഭാഗമാകാൻ യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരായ ദീപശിഖ എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയ്ക്ക് മന്ത്രി കൈമാറി. എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള ഉപഹാര സമർപ്പണവും നടന്നു. കൂടാതെ ലഹരിവിരുദ്ധ വൺ മില്യൺ ഗോൾ ക്യാമ്പയിനിന്റെയും എജ്യൂ കാർണിവലിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.






