കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ പോരാട്ടത്തില്‍ കരുത്തരായ ഇക്വഡോറിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ക്യുറസാവോ ചരിത്ര നേട്ടത്തില്‍. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം 0-0 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ജര്‍മ്മനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞ കുറസാവോ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ പോയിന്റും സ്വന്തമാക്കി.
കളിയിലുടനീളം ലാറ്റിനമേരിക്കൻ കരുത്തുമായി ആക്രമിച്ച ഇക്വഡോറിന് പക്ഷേ കുറസാവോ ഗോള്‍കീപ്പര്‍ എലോയ് റൂമിനെ മാത്രം മറികടക്കാനായില്ല. ഇക്വഡോര്‍ നായകന് എന്നര് വലന്‍സിയയുടെയും ഗോണ്‍സാലോ പ്ലാറ്റയുടെയും ഗോളെന്നുറച്ച നിരവധി മുന്നേറ്റങ്ങളാണ് റൂം തട്ടിയകറ്റിയത്. മത്സരത്തില്‍ ആകെ 15 തകര്‍പ്പന്‍ സേവുകളുമായി താരം കളം നിറഞ്ഞു. ലോകകപ്പ് മത്സരങ്ങളിലെ ഏറ്റവും കൂടുതല്‍ സേവുകളെന്ന റെക്കോഡ് റൂം സ്വന്തം പേരിലാക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഇക്വഡോര്‍ താരം ജോര്‍ഡി കൈസെഡോയുടെ ഒരു ഹെഡര്‍ പോസ്റ്റില്‍ തട്ടി തെറിച്ചതും അവര്‍ക്ക് നിര്‍ഭാഗ്യമായി.






