ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമി ജമ്മു കശ്മീരുമായി ബന്ധപ്പെട്ട 27 കേന്ദ്രങ്ങളിൽ സംയുക്ത റെയ്ഡ് നടത്തി. അന്വേഷണ ഏജൻസികളും സുരക്ഷാ സേനയും ചേർന്നാണ് ഞായറാഴ്ച രാവിലെ പരിശോധന നടത്തിയത്.
ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ശൃംഖലകൾക്കെതിരായ നടപടിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. നിരോധിത സംഘടനയുടെ രഹസ്യ പ്രവർത്തനങ്ങൾ കണ്ടെത്തുകയും തടയുകയുമാണ് പരിശോധനയുടെ ലക്ഷ്യം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമമായ യുഎപിഎ പ്രകാരം ജമാഅത്തെ ഇസ്‌ലാമിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടന്നത്.
ഈ വർഷം മേയ് 25ന് ഭീകരവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി എൻഐഎ കശ്മീർ താഴ്‌വരയിലെ വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ശ്രീനഗറിലും ഷോപ്പിയാനിലും നടത്തിയ അന്നത്തെ പരിശോധനയിൽ ഭീകരവാദ ബന്ധം സംബന്ധിച്ച രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.




