ഹൈദരാബാദ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നീറ്റ്’ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറ്റ് പുനഃപരീക്ഷയ്ക്ക് തൊട്ടുതലേന്നാണ് ഈ ദാരുണ സംഭവം. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. പഠനാവശ്യങ്ങൾക്കായി സഹോദരിമാർക്കൊപ്പം താമസിച്ചുവരികയായിരുന്നു സന.
മാതാവ് പത്ത് ദിവസം മുൻപ് പ്രൊദ്ദത്തൂരിലേക്ക് പോയിരുന്നു. പരീക്ഷാ സമ്മർദ്ദം, കുടുംബത്തിന്‍റെ പ്രതീക്ഷകൾ, മുൻപുണ്ടായ പരാജയങ്ങളെക്കുറിച്ചുള്ള ആശങ്ക എന്നിവ മൂലമുണ്ടായ കടുത്ത മാനസിക വിഷമമാണ് പെൺകുട്ടിയെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിന് ആരും ഉത്തരവാദികളല്ലെന്ന് ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഗാന്ധി ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചെയ്തു.






