ടോറോന്റോ: ഫിഫ ലോകകപ്പിൽ ഐവറി കോസ്റ്റിന്റെ കനത്ത വെല്ലുവിളിയെ മറികടന്ന് ജർമനി റൗണ്ട് ഓഫ് 32 യോഗ്യതയുറപ്പിച്ചു. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മുൻ ചാമ്പ്യന്മാരുടെ ജയം. ഫ്രാങ്ക് കെസിയുടെ ഗോളിൽ പിന്നിലായി ജർമനിക്ക് രണ്ടാം പകുതിയിൽ ഡെനിസ് ഉണ്ടാവ നേടിയ ഇരട്ടഗോളുകളാണ് രക്ഷയായത്. 12 വർഷത്തിന് ശേഷമാണ് ജർമനി ലോകകപ്പിൽ നോക്ക്ഔട്ടിലേക്ക് യോഗ്യത നേടുന്നത്.
ടോറോന്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പം തന്നെയായിരുന്നു. പന്ത് കൈവശം വെക്കുന്നതും കൂടുതൽ അവസരങ്ങൾ ഉണ്ടാക്കിയതും ജർമനിയായിരുന്നെങ്കിലും കൗണ്ടർ അറ്റാക്കിലൂടെ മുന്നേറുകയായിരുന്നു ആഫ്രിക്കൻ വമ്പന്മാരുടെ പ്ലാൻ. ആദ്യം പാവ്‌ലോവിച്ചും പിന്നീട് കായ് ഹാവെർട്സും ജർമനിക്കായി ആദ്യ പകുതിയിൽ പന്ത് വലയിലിട്ടെങ്കിലും രണ്ടും ഫൗൾ മൂലം നിഷേധിച്ചു. എന്നാൽ മത്സരത്തിന്റെ 30ാം മിനിറ്റിൽ നായകൻ ഫ്രാങ്ക് കെസി വലതുളച്ചു.
68ാം മിനിറ്റ് വരെ കാത്തുനിൽക്കേണ്ടിവന്നു ജർമനിക്ക് സമനില ഗോൾ കണ്ടെത്താൻ. പകരക്കാരായി വന്ന നദീൻ അമീറിയും ഡെനിസ് ഉണ്ടാവും ചേർന്നാണ് ആ ഗോൾ സൃഷ്ടിച്ചത്. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റിൽ ഡെനിസ് ഉണ്ടാവ് (90+4) തന്നെ ജർമൻകാർക്ക് രാക്ഷനായി അവതരിക്കുകയായിരുന്നു.






