ലോസ് ഏഞ്ചൽസ്: ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഇറാൻ ടീമിനോട് ആതിഥേയരാജ്യമായ അമേരിക്ക അനീതിപരമായാണ് പെരുമാറുന്നതെന്ന് ഇറാൻ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകൻ അമീർ ഗാലെനോയി ആരോപിച്ചു. യാത്രാ നിയന്ത്രണങ്ങളും വിസ നിഷേധവും ടീമിന്റെ ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.
അടുത്ത ആഴ്ചകളിൽ ഫിഫയുടെ ഇടപെടലിലൂടെ ഈ നിയന്ത്രണങ്ങളിൽ ചിലതെങ്കിലും ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും ഗാലെനോയി പറഞ്ഞു. ഇറാൻ ജനതയുടെ പിന്തുണ തങ്ങൾക്ക് ശക്തിയാണെന്നും, രാജ്യത്തിനുവേണ്ടിയും രക്തസാക്ഷികൾക്കുവേണ്ടിയും തങ്ങൾ കളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിനായി ലോസ് ആഞ്ചലസിലേക്ക് മടങ്ങിയെത്തിയെങ്കിലും കടുത്ത യാത്രാനിയന്ത്രണങ്ങൾ കാരണം പരിശീലന സെഷൻ പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നതായി ഗാലെനോയി വെളിപ്പെടുത്തി. മത്സരത്തിന് മുന്നോടിയായി ആവശ്യമായ സമയം ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
വെള്ളിയാഴ്ച തന്നെ യാത്രാനുമതി തേടിയിരുന്നെങ്കിലും അമേരിക്ക അത് നിരസിച്ചുവെന്നാണ് ഗാലെനോയിയുടെ വിശദീകരണം. ഫിഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള ബെൽജിയത്തെ നേരിടുന്നതിന് മുമ്പ് കുറഞ്ഞത് 24 മണിക്കൂർ ഒരുക്കസമയം ആവശ്യമായിരുന്നുവെങ്കിലും 16 മണിക്കൂറിൽ താഴെ മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ടീമിനെതിരായ ഈ നടപടിക്കെതിരെ ലോകകപ്പിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളുടെ പരിശീലകരും പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്ക-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ടീമിന് പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ.
മത്സരത്തിന് തലേദിവസം മാത്രം അമേരിക്കയിലേക്ക് പ്രവേശിക്കാനും, മത്സരം കഴിഞ്ഞ ഉടൻ മെക്സിക്കോയിലെ പരിശീലനക്യാമ്പിലേക്ക് മടങ്ങാനും നിർദേശിച്ചിരിക്കുന്നതായും ഗാലെനോയി പറഞ്ഞു. ഇത് ടീമിന്റെ മത്സരസജ്ജതയെ ബാധിക്കുന്നുണ്ടെന്ന് ഇറാൻ താരം സയീദ് ഇസതോളാഹിയും വ്യക്തമാക്കി.
അതേസമയം, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ ഇടപെടലിനെ തുടർന്ന് ഈജിപ്തിനെതിരായ മൂന്നാം ഗ്രൂപ്പ് മത്സരത്തിനായി രണ്ട് ദിവസം മുൻപ് സിയാറ്റിലിലേക്ക് യാത്ര ചെയ്യാൻ അമേരിക്ക അനുമതി നൽകിയതായി ഗാലെനോയി അറിയിച്ചു.
ഇറാൻ ഫുട്ബോൾ ഫെഡറേഷനിലെ ഉദ്യോഗസ്ഥർക്കും പരിശീലക-സഹായക സംഘാംഗങ്ങൾക്കും മാധ്യമ വിഭാഗത്തിലെ ചിലർക്കും വിസ നിഷേധിച്ചതിനെയും അദ്ദേഹം വിമർശിച്ചു. ഒരു ടീമിനെ ലോകകപ്പിലേക്ക് ക്ഷണിച്ചശേഷം അതിന്റെ സപ്പോർട്ട് സ്റ്റാഫിന് പ്രവേശനം നിഷേധിക്കുന്നത് കായികമര്യാദയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.
ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിനായി ഇറാൻ ടീം അഞ്ച് മണിക്കൂറിലേറെ യാത്ര ചെയ്താണ് സ്റ്റേഡിയത്തിലെത്തിയതെന്നും, യാത്രാ ബുദ്ധിമുട്ടുകൾ ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




