റോഷൻ മാത്യുവിനെ നായകനാക്കി എം. പത്മകുമാർ സംവിധാനം നിർവഹിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഉയിർ’ റിലീസിനൊരുങ്ങുന്നു. ജൂൺ 26ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദുരൂഹമായ ഒരു മരണവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ട്രെയിലർ മുന്നോട്ടുവയ്ക്കുന്നത്.
യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിൽ ധർമടം പൊലീസ് സ്റ്റേഷനിൽ പ്രൊബേഷൻ കാലയളവിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ അജീബ് എന്ന കഥാപാത്രമായാണ് റോഷൻ മാത്യു എത്തുന്നത്. ‘ജോസഫ്’, ‘ശിക്കാർ’, ‘വർഗം’ തുടങ്ങിയ ചിത്രങ്ങൾക്കുശേഷം എം. പത്മകുമാർ വീണ്ടും ക്രൈം ത്രില്ലർ ജോണറിലേക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രേത്യേകത കൂടി ഉണ്ട് ഈ ചിത്രത്തിന് .
ബൈജു സന്തോഷ്, വിനീത് തട്ടിൽ, ദിവ്യ എം. നായർ, ശ്രുതി മേനോൻ, വിനോദ് സാഗർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപത്രങ്ങൾക്ക് ജീവൻ നല്കുന്നു. വൗ സിനിമാസിന്റെ ബാനറിൽ സന്തോഷ് ത്രിവിക്രമനാണ് നിർമ്മാണം. യഥാർഥ പൊലീസ് ഉദ്യോഗസ്ഥനായ ഷാജി മാറാടും നിഖിൽ കെ. മേനോനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സസ്പെൻസും അന്വേഷണവും നിറഞ്ഞ ട്രെയിലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ജൂൺ 26ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തും.






