തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ വീണ് കാണാതായ വയനാട് സ്വദേശിയായ ഹോമിയോ ഡോക്ടർക്കായി തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു. ഇന്നലെ നടന്ന അപകടത്തിലാണ് 29 വയസ്സുകാരനായ ശ്രീജിത്തിനെ കാണാതായത്.
വയനാട് പയ്യംപള്ളി വള്ളിയൂർക്കാവ് ആറാട്ടുതറ സ്വദേശിയായ ശ്രീജിത്ത്, സുഹൃത്തുക്കളോടൊപ്പം വിഴിഞ്ഞം ബൊള്ളാർഡ് പുൾ ടെസ്റ്റ് കേന്ദ്രത്തിനു സമീപം എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. സംഘത്തിലെ ആലപ്പുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർഥി എച്ച്.എൻ. വിജയ് (24) തിരയിൽപ്പെട്ടെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ടു.
പ്രാവച്ചമ്പലം അരിക്കടമുക്കിൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ശ്രീജിത്ത്. പിന്നീട് കോളേജ് ഹോസ്റ്റലിലെ ജൂനിയർ വിദ്യാർഥികളുൾപ്പെടെ എട്ട് പേരടങ്ങുന്ന സംഘത്തോടൊപ്പം വിഴിഞ്ഞത്തെത്തുകയായിരുന്നു. സംഘത്തിലെ ചിലർ കൈവരികളിൽ ഇരിക്കുമ്പോൾ ശ്രീജിത്തും വിജയും പാറക്കെട്ടിലേക്ക് ഇറങ്ങിയിരുന്നു. അപ്പോൾ ശക്തമായ തിരയടിയിൽ ഇരുവരും വീണുവെന്നും ശ്രീജിത്തിനെ പിന്നീട് കാണാതായെന്നും വിജയ് പൊലീസിനോട് പറഞ്ഞു.
തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ്, കോസ്റ്റ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ കോസ്റ്റൽ പൊലീസ് കേസെടുത്തു.






