കോഴിക്കോട്: താമരശ്ശേരി ചുണ്ടക്കുന്നുമ്മലിൽ വയോധികൻ മാത്രമുള്ള വീട്ടിൽ കയറി ചെരിപ്പുമായി കടന്നുകളഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റിട്ടയേർഡ് അധ്യാപകൻ അബ്ദുറഹ്‌മാന്റെ വീട്ടിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഒരാൾ വീട്ടിലെത്തിയത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയമാണ് ഇയാൾ എത്തിയത്.
ആദ്യമായി പരിസരം നിരീക്ഷിച്ച ഇയാൾ മുറ്റത്ത് ഉണ്ടായിരുന്ന വിലയേറിയ ചെരിപ്പ് ധരിച്ചു നോക്കി. പിന്നീട് കോളിങ് ബെൽ അടിച്ച് വീട്ടുടമയെ സമീപിച്ചു. താൻ മുൻപ് പച്ചക്കറി വണ്ടിയിൽ കച്ചവടം ചെയ്തിരുന്ന ആളാണെന്നും ഇപ്പോൾ കാഴ്ചക്കുറവും കാലിന് പരിക്കുമുണ്ടെന്നും പറഞ്ഞു സഹായം അഭ്യർത്ഥിച്ചു. വീട് ഉടമ പണം എടുക്കാൻ അകത്തേക്ക് പോയപ്പോൾ ഇയാൾ വീട്ടുപരിസരം വീണ്ടും പരിശോധിച്ചു. തുടർന്ന് നൽകിയ 50 രൂപ വാങ്ങി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീണ്ടും വീട്ടുടമ അകത്തേക്ക് പോയ സമയത്ത് സ്വന്തം പഴയ ചെരിപ്പുകൾ പറമ്പിലേക്ക് എറിഞ്ഞ്, പുറത്തുണ്ടായിരുന്ന ചെരിപ്പ് ധരിച്ച് ഇയാൾ കടന്നുകളഞ്ഞു. പുറപ്പെടുന്നതിനിടെ റംബുട്ടാൻ മരത്തിൽ നിന്നു പഴവും പറിച്ചെടുത്തതായും ഉടമ പറയുന്നു.






