2026 ഫിഫ ലോകകപ്പിൽ നോക്കൗട്ടിൽ പ്രവേശിച്ച് കാനറികൾ. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്കോട്ലാൻഡിനെ തകർത്താണ് ബ്രസീൽ നോക്കൗട്ടിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ബ്രസീലിനായി വിനീഷ്യസ് ജൂനിയർ വലകുലുക്കി. ഏഴാം മിനിട്ടിലും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തുമായിരുന്നു വിനിയുടെ ഗോളുകൾ പിറന്നത്. കൂടാതെ മത്സരത്തിന്റെ 60-ആം മിനിറ്റിൽ മത്യേയൂസ് കുന്യയും ബ്രസീലിനായി വലകുലുക്കി. 1 – 0 എന്ന സ്കോർ ബോർഡുമായി മത്സരത്തിന്റെ ആദ്യ പകുതിക്ക് വിസിൽ മുഴങ്ങും എന്ന കരുതിയിടത്ത് വിനീഷ്യസ് വീണ്ടും എത്തി. ഇഞ്ചുറി ടൈമിലെ ഗോളിലൂടെ ആദ്യ പകുതി 2 – 0 ന് അവസാനിച്ചു.
കാത്തിരിപ്പിനൊടുവിൽ മത്സരത്തിന്റെ 75-ആം മിനിറ്റിൽ അതും സംഭവിച്ചു. ആ മഞ്ഞക്കുപ്പായത്തിൽ സുൽത്താൻ കളത്തിലെത്തി. ഗോൾ നേടാനായില്ലെങ്കിലും നെയ്മർ കളത്തിലിറങ്ങിയത് തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തി. ഗ്രൂപ്പ് ടേബിളിൽ ചാമ്പ്യന്മാരായ ബ്രസീലിന് മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള മോറോസിക്കോയ്ക്കും ഏഴ് പോയിന്റ് തന്നെയാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ ബ്രസീൽ പട്ടികയിൽ ഒന്നാമതെത്തി.






