കോഴിക്കോട്: താമരശ്ശേരിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയുടെ വാട്ടര്‍ബോട്ടിലില്‍ വാറ്റുചാരായം. അധ്യാപകര്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിയുടെ കൈവശമുണ്ടായിരുന്ന ബോട്ടിലില്‍ വാറ്റുചാരായം കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു വിദ്യാര്‍ഥിയാണ് വാറ്റുചാരായം സ്കൂളിലെത്തിച്ച് നല്‍കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിദ്യാര്‍ഥിയുടെ വീടിന് സമീപമുള്ള തോട്ടത്തില്‍നിന്ന് 56 കുപ്പികളിലായി സൂക്ഷിച്ചിരുന്ന 28 ലിറ്റര്‍ വാറ്റുചാരായം പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന് പിന്നില്‍ വിദ്യാര്‍ഥിയുടെ രണ്ടാനച്ചനാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
വാറ്റുചാരായം നിര്‍മിച്ചതും സൂക്ഷിച്ചതും ഇയാളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
സ്കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് മദ്യവിതരണം നടന്നോയെന്നും മറ്റ് ആളുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.






