മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഇന്നോവ കാറിൽ ഒളിപ്പിച്ചുകടത്തിയ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയിൽ. മേലാറ്റൂർ എടപ്പറ്റ തയ്യിൽ നിഹാൽ മുഹമ്മദ് (23) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി 8.30ഓടെ മഞ്ചേരി ചമയം ജംഗ്ഷനിൽ വച്ചാണ് ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. ഇയാളിൽ നിന്ന് 16.5 കിലോ കഞ്ചാവ് പിടികൂടി.
ഇന്നോവ വാഹനത്തിന്റെ ബോണറ്റിൽ അഞ്ച് വലിയ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പാണ്ടിക്കാട് എക്‌സൈസും പൊലീസും നടത്തിയ പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിനെ തുടർന്ന് പിന്തുടർന്നിരുന്നു.
അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷമാണ് വാഹനം നിർത്തിയത്. തുടർന്ന് ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയെങ്കിലും നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു.






