തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും ശക്തമാകുന്ന സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് ശക്തമാക്കി. ജൂൺ 29-ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകാനാണ് സാധ്യതയെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല.
27-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 28-ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.
ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ നിർദേശിച്ചു. നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.
ജലാശയങ്ങളിലേക്കും നദികളിലേക്കും ഇറങ്ങുന്നതും, മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നതുവരെ നിർത്തിവയ്ക്കണമെന്നും അധികൃതർ അറിയിച്ചു.
അപകട സാധ്യതയുള്ള റോഡുകളിലും വെള്ളം കയറിയ പ്രദേശങ്ങളിലും വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.






