റായ്പൂർ: ഛത്തീസ്ഗഢിൽ വിവാഹചടങ്ങിനിടെ വരൻ അമിതമായി മദ്യപിച്ച് എത്തിയതിനെ തുടർന്ന് യുവതി വിവാഹത്തിൽ നിന്ന് പിന്മാറി. ഛത്തീസ്ഗഢിലെ ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലാണ് സംഭവം.
22-കാരിയായ മുസ്കാൻ പ്രധാൻ വിവാഹത്തിന് തയ്യാറായിരുന്നെങ്കിലും, വരനായ ശരത് റാം (24) മദ്യലഹരിയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. വരൻ നേരെ നിൽക്കാൻ പോലും കഴിയാത്ത നിലയിൽ എത്തിയതോടെ വിവാഹം വേണ്ടെന്നുവെക്കാൻ യുവതി തീരുമാനിക്കുകയായിരുന്നു.
മുന്പ് നിശ്ചയച്ചടങ്ങിലും സമാനമായി വരൻ മദ്യപിച്ചെത്തിയിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ വിവാഹദിവസവും അതേ പെരുമാറ്റം ആവർത്തിച്ചതോടെയാണ് യുവതി കടുത്ത തീരുമാനം എടുത്തത്.
സംഭവത്തെ തുടർന്ന് ഇരുകുടുംബങ്ങൾക്കിടയിൽ വാക്കുതർക്കവും കൈയാങ്കളിയും ഉണ്ടായതായി റിപ്പോർട്ടുണ്ട്. സംഘർഷത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായതോടെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ലഹരിക്കെതിരെ ശക്തമായ നിലപാടെടുത്ത 22-കാരിയായ മുസ്കാൻ പ്രധാൻ എന്ന യുവതിയെ ജില്ലാ പോലീസ് സൂപ്രണ്ട് വിജയ് കുമാർ പാണ്ഡെ ഓഫീസിൽ വിളിച്ചുവരുത്തി ആദരിച്ചു.






