കൊച്ചി: പെരുമ്പാവൂരിൽ നടന്ന വൻ ലഹരിവേട്ടയിൽ 18 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽ വെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൊലീസ് തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പെരുമ്പാവൂരിലെ ഫ്ലാറ്റിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 16 കിലോ ഹൈബ്രിഡ് കഞ്ചാവ് കൂടി കണ്ടെത്തി. ആകെ 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ഇതിന് വിപണിയിൽ ഏകദേശം 18 കോടി രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ആറു ദിവസം മുമ്പാണ് ആയുഷ് ഫ്ലാറ്റിൽ താമസം തുടങ്ങിയതെന്നും ആവശ്യമായ രേഖകൾ നൽകാതെയായിരുന്നു താമസമെന്നും പൊലീസ് വ്യക്തമാക്കി. ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവ്യാപാരം നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. സംഭവത്തിൽ കൂടുതൽ ആളുകൾക്ക് ബന്ധമുണ്ടോയെന്ന് പരിശോധിച്ച് അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.






