തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോച്ചിന് 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. ശ്രീവരാഹം സ്വദേശിയായ എം. മനുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുവർഷവും ഒൻപത് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് പോക്സോ കേസുകളിൽ രണ്ടാമത്തേതിലാണ് ജഡ്ജി അഞ്ജു മീര ബിർള വിധി പ്രസ്താവിച്ചത്. മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ആദ്യ കേസിലെ ശിക്ഷാ കാലാവധി പൂർത്തിയായ ശേഷമേ രണ്ടാമത്തെ കേസിലെ ശിക്ഷ ആരംഭിക്കൂ. ക്രിമിനൽ നടപടി ചട്ടം സെക്ഷൻ 427 പ്രകാരം ഓരോ കേസിലെയും ശിക്ഷാകാലാവധി തുടർച്ചയായി അനുഭവിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
2018-ൽ തിരുവനന്തപുരത്തെ ഒരു ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ പരിശീലനത്തിനായി എത്തിയ പെൺകുട്ടിയെയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയ പ്രതി, തന്റെ ഇഷ്ടത്തിന് വഴങ്ങാതിരുന്നതോടെ വേണ്ടത്ര പരിശീലനം നൽകാതിരിക്കുകയും ചെയ്തു. 2019-ൽ പെൺകുട്ടി മറ്റൊരു പരിശീലന കേന്ദ്രത്തിലേക്ക് മാറി.
സംഭവം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ കുട്ടി വർഷങ്ങളോളം പീഡന വിവരം വെളിപ്പെടുത്തിയിരുന്നില്ല. പരിശീലനത്തിനെത്തിയ മറ്റ് അഞ്ച് പെൺകുട്ടികളെയും പ്രതി സമാനമായി പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭയം കാരണം ഇവരും പരിശീലന കേന്ദ്രം വിട്ടെങ്കിലും പരാതി നൽകിയിരുന്നില്ല.
2024-ൽ തിരുവനന്തപുരത്ത് നടന്ന പെൺകുട്ടികളുടെ ക്രിക്കറ്റ് ടൂർണമെന്റിനിടെ പ്രതിയെ വീണ്ടും കണ്ട ഒരു ഇരയായ പെൺകുട്ടി ബഹളംവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് അവർ പരാതി നൽകിയതോടെ മറ്റ് പെൺകുട്ടികളും കേസ് നൽകി. തുടര്‍ന്ന് പ്രതിക്കെതിരെ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതിൽ നാല് കേസുകളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്. ഒരു കേസിൽ കഴിഞ്ഞ മാസം തന്നെ കോടതി ശിക്ഷ വിധിച്ചിരുന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മൂന്നാമത്തെ കേസിലെ ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടതി അറിയിച്ചു.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹനും അഭിഭാഷകരായ സുരഭി, എച്ച്. രവികൃഷ്ണൻ തമ്പി എന്നിവരും ഹാജരായി. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശിയും സബ് ഇൻസ്‌പെക്ടർമാരായ എസ്. ഷെഫിൻ, നിതിൻ നളൻ എന്നിവരും ചേർന്നാണ് കേസ് അന്വേഷിച്ചത്.






