കൊച്ചി: കൊച്ചി മെട്രോയ്ക്ക് രാജ്യാന്തര അംഗീകാരം. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന പുരസ്കാരങ്ങളിലൊന്നായ യുഐടിപി ഇംപാക്ട് അവാർഡ് 2026 കൊച്ചി മെട്രോയ്ക്ക് ലഭിച്ചു. മെട്രോ റെയിൽ, വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിള്‍ സൗകര്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ചുള്ള നൂതന മൾട്ടിമോഡൽ ഗതാഗത സംവിധാനമാണ് പുരസ്കാരത്തിന് അർഹമായത്.
ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന യുഐടിപി അവാർഡ് ചടങ്ങിലാണ് പുരസ്കാരം സമ്മാനിച്ചത്. ലോകമെമ്പാടുമുള്ള മികച്ച പൊതുഗതാഗത പദ്ധതികളെ ആദരിക്കുന്ന അന്താരാഷ്ട്ര അംഗീകാരമാണ് ഇത്.
‘കൊച്ചി മെട്രോ റെയിൽ: ഒരു സുസ്ഥിര മൾട്ടിമോഡൽ ഇന്റഗ്രേഷൻ പ്രോജക്ട്’ എന്ന പദ്ധതിയ്ക്കാണ് പുരസ്കാരം ലഭിച്ചത്. യാത്രക്കാർക്ക് തടസ്സമില്ലാത്ത, സൗകര്യപ്രദമായ, പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനം ഒരുക്കിയതിനാണ് ഈ അംഗീകാരം.
പുരസ്കാര നേട്ടത്തിൽ സന്തോഷമുണ്ടെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ പ്രതികരിച്ചു. കൊച്ചിക്കായി സംയോജിത ഗതാഗത ശൃംഖല സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.






