മുംബൈ: ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15,000 പേരെ കൊല്ലുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് പ്രതി ഫയാസ് പ്രേംജി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്. വേദനസംഹാരികളാണെന്ന് പറഞ്ഞ് ആളുകൾക്ക് ഗുളികകൾ നൽകിയതായി കണ്ടെത്തി. മൂന്ന് വനിതാ വോളന്റിയർമാർ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ അപകടകരമായ പൊടി കണ്ടെത്തിയത്.
ഇവർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും ഗുളികകൾ കഴിക്കരുതെന്ന് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകുകയും ചെയ്തു. ഗുളിക കഴിച്ച 11 പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഇപ്പോൾ അപകടമില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ പക്കൽ നിന്ന് 14,900 ഗുളികകൾ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കൂടാതെ 30,000 ഒഴിഞ്ഞ ക്യാപ്സ്യൂളുകളും 50 കിലോ ഫോസ്ഫറസും ഇയാൾ ഓർഡർ ചെയ്തിരുന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജയന്ത് മീന അറിയിച്ചു.
പരിശോധനയിൽ ഗുളികകളിൽ അതീവ വിഷമുള്ള സിങ്ക് ഫോസ്ഫൈഡ് കണ്ടെത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഭീകരബന്ധം ഉണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രണ്ട് ദിവസത്തെക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.






