ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് ഡൽഹിയിലും ഉത്തരാഖണ്ഡിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. ആരാധനാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടന്നേക്കാമെന്ന സൂചനയാണ് സുരക്ഷാ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നത്.
ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. അതിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ പേരുകളും പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഉത്തരാഖണ്ഡിൽ അറസ്റ്റിലായ നാല് നിഹാംഗുകളെ വിട്ടയക്കണമെന്ന ആവശ്യത്തെ തുടർന്ന് മൂന്ന് ദിവസം നീണ്ട പ്രതിഷേധത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും പിന്നാലെയാണ് പുതിയ ഭീഷണി ഉയർന്നത്.
ഭീഷണിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും ഉത്തരാഖണ്ഡിലുമുള്ള ആരാധനാലയങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പ്രധാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. സാഹചര്യം വിലയിരുത്തുന്നതിനൊപ്പം കേന്ദ്രസേനയുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്.
ഭീഷണി സന്ദേശം അയച്ച ഇമെയിലിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ഊർജിതമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.








