യെമൻ: മധ്യ പ്രവിശ്യയായ ഇബ്ബ് ഗവർണറേറ്റിൽ കനത്ത മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. മാതാപിതാക്കളും മൂന്ന് മക്കളുമാണ് മരിച്ചത്. ഇബ്ബിന് പടിഞ്ഞാറുള്ള ഫർ അൽ ഉദൈൻ ജില്ലയിലെ സാറ നഗരത്തിലാണ് സംഭവം നടന്നത്. ശക്തമായ മഴയ്ക്കിടെ വീടിനുള്ളിലെ ഒരു മുറിയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുമ്പോഴാണ് വീടിന് മുകളിലേക്ക് മിന്നൽ പതിച്ചത്. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശവാസികൾ അടിയന്തര അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. വീടിന് സമീപം ഒരു മൊബൈൽ ടവർ ഉണ്ടായിരുന്നതും മിന്നൽ അതിലൂടെ വീടിലേക്ക് പടർന്നിരിക്കാമെന്നുമാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ ഈ വിഷയത്തിൽ യെമൻ അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ എന്നതിലും വ്യക്തതയില്ല.









