കൊച്ചി: നാളെ ജൂൺ മാസത്തിലെ പൗർണമി ദിനം. വൈകീട്ടോടെ ആകാശത്ത് നോക്കിയാൽ പൂർണചന്ദ്രനെ കാണാം. എന്നാൽ, നാളെ കാണുന്നത് സാധാരണ പൂർണചന്ദ്രനെയല്ല, ‘സ്‌ട്രോബെറി മൂൺ’ എന്ന് പേരിട്ട് വിളിക്കുന്ന ചന്ദ്രനെയാണ്. പേര് കേട്ട് അമ്പരക്കേണ്ട. ചന്ദ്രന്റെ നിറമല്ല ഇവിടെ പ്രത്യേകത. വടക്കേ അമേരിക്കയിലെ തദ്ദേശീയ ഗോത്രവർഗങ്ങൾ സ്‌ട്രോബെറി വിളവെടുപ്പ് കാലത്തെ അടയാളപ്പെടുത്താനാണ് ജൂൺ മാസത്തിലെ പൂർണചന്ദ്രന് ‘സ്‌ട്രോബെറി മൂൺ’ എന്ന പേര് നൽകിയത്. അങ്ങനെയാണ് ലോകമെങ്ങും ജൂണിലെ പൂർണചന്ദ്രന് ‘സ്‌ട്രോബെറി മൂൺ’ എന്ന പേര് വന്നത്.
ഉത്തരാർധഗോളത്തിൽ ചന്ദ്രൻ സാധാരണയേക്കാൾ താഴ്ന്ന പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്നതാണ് ഈ വർഷത്തെ സ്‌ട്രോബെറി മൂണിന്റെ പ്രത്യേകത. അതിനാൽ ചന്ദ്രൻ ചക്രവാളത്തോട് ചേർന്ന് വലുതായി കാണപ്പെടും. സ്വർണനിറമോ ഓറഞ്ച് നിറമോ കലർന്നതായും തോന്നാം. ഇത് യഥാർഥത്തിൽ ചന്ദ്രന്റെ വലിപ്പത്തിലോ നിറത്തിലോ വരുന്ന മാറ്റം കൊണ്ടല്ല, ഭൂമിയുടെ അന്തരീക്ഷത്തിലൂടെ പ്രകാശം സഞ്ചരിക്കുന്നതിനാലുണ്ടാകുന്ന പ്രതിഭാസമാണ്. ജൂൺ 29 വൈകുന്നേരം ചന്ദ്രോദയത്തിന് പിന്നാലെ തന്നെ ‘സ്‌ട്രോബെറി മൂൺ’ ആരംഭിക്കും. ആകാശ നിരീക്ഷകർക്ക് ചന്ദ്രനെ നിരീക്ഷിക്കാൻ അനുയോജ്യ സമയമാണിത്. ഫോട്ടോഗ്രാഫർമാരുടേയും ഇഷ്ട ദിവസം തന്നെ.








