തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിനി നവോമി വിൻസെന്റ് (23) അവയവദാനത്തിലൂടെ ആറുപേർക്ക് പുതുജീവൻ നൽകി. അപ്രതീക്ഷിത വിയോഗത്തിന്റെ നടുവിലും അവയവദാനത്തിന് സമ്മതം നൽകിയ നവോമിയുടെ കുടുംബത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അഭിനന്ദിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.
നവോമിയുടെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ബന്ധുക്കളുടെ സമ്മതത്തോടെ ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലേക്കും, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലുമുള്ള രോഗികൾക്കുമാണ് നൽകിയത്. ഹൃദയവാൽവ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലേക്കും, രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കും കൈമാറി. കെ-സോട്ടോയുടെ ഏകോപനത്തിലായിരുന്നു അവയവദാന നടപടികൾ പൂർത്തിയായത്.
തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ നവോമി, തിരുവനന്തപുരത്തെ പുതിയ ജോലിയിൽ പ്രവേശിക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ജൂൺ 25-ന് പുലർച്ചെ കൊട്ടാരക്കര വാളകത്ത് ഇവർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ അമ്മ ജിപ്‌സി തങ്കച്ചനും സഹോദരൻ ജോയൽ വിൻസെന്റും ഗുരുതരമായി പരിക്കേറ്റു. ജോയലായിരുന്നു വാഹനം ഓടിച്ചിരുന്നത്.
ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവോമിയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ഹെൽത്ത് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജൂൺ 28-ന് രാവിലെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. തുടർന്ന് അച്ഛൻ വിൻസെന്റും സഹോദരി എയ്ഞ്ചൽ മരിയ വിൻസെന്റും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ അമ്മയും സഹോദരനും നിലവിൽ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.






