ന്യൂഡൽഹി: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ബിഹാർ ഗവർണർ സയിദ് അത്ത ഹസ്നൈനും കേന്ദ്ര വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റയും പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തോടൊപ്പമുണ്ടാകും.
ജൂലൈ 4 മുതൽ 9 വരെ ഇറാനിൽ വിവിധ ഘട്ടങ്ങളിലായി സംസ്കാരച്ചടങ്ങുകൾ നടക്കും. ചടങ്ങുകളോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിലാപയാത്രകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അന്തിമ ശുശ്രൂഷകൾ മഷാദിൽ നടക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനേയി ചടങ്ങുകളിൽ പങ്കെടുക്കുമോ എന്നതാണ് ഇപ്പോൾ പ്രധാന ചർച്ച. അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയാണെങ്കിൽ, പുതിയ നേതാവെന്ന നിലയിലെ ആദ്യ പൊതുപരിപാടിയായിരിക്കും ഇത്.
ഫെബ്രുവരി 28-ന് നടന്ന യുഎസ്–ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അലി ഖമനേയി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. അതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും ഗുരുതരമായി പരിക്കേറ്റതായി ഔദ്യോഗിക മാധ്യമങ്ങൾ പിന്നീട് സ്ഥിരീകരിച്ചിരുന്നു. മുഖത്തും കാലിലും പരിക്കേറ്റ അദ്ദേഹം ചികിത്സയ്ക്ക് വിധേയനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.






