കൊച്ചി: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറക്കി. വിനോദസഞ്ചാരികളെയും തീർഥാടകരെയും ഒരുപോലെ ലക്ഷ്യമിട്ടുള്ള വിവിധ യാത്രാ പാക്കേജുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ നാല് പകലും മൂന്ന് രാത്രിയും നീളുന്ന ഹൈദരാബാദ് യാത്രയാണ് പ്രധാന ആകർഷണം.
എസി ബസുകളിലായാണ് ഹൈദരാബാദ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഭക്ഷണം, താമസം, റാമോജി ഫിലിം സിറ്റിയിലേക്കുള്ള പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്ന സമ്പൂർണ പ്രീമിയം ടൂർ പാക്കേജാണിത്.
കേരളത്തിനകത്തെ തീർഥാടന-വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുവായൂർ, മമ്മിയൂർ, പുന്നത്തൂർ, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചേർത്തല, കാർത്യായനി ക്ഷേത്രം എന്നിവ ഉൾപ്പെടുന്ന തീർഥാടന യാത്ര, കർക്കടക മാസത്തിലെ നാലമ്പല ദർശനം, തൃശ്ശൂർ നാലമ്പല യാത്ര, ആറന്മുള വള്ളസദ്യയോടുകൂടിയ പഞ്ചപാണ്ഡവ ക്ഷേത്രദർശനം എന്നിവ ജൂലൈ മാസത്തിൽ വിവിധ തീയതികളിലായി സംഘടിപ്പിക്കും.
വാഗമൺ, ഇല്ലിക്കൽ കല്ല്–ഇലവീഴാപൂഞ്ചിറ, പൊന്മുടി, ഗവി, മൂന്നാർ–കാന്തല്ലൂർ, കുമരകം ഹൗസ് ബോട്ട്, പുള്ളിക്കാനം, രാമക്കൽമേട്, വയനാട് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ചില പാക്കേജുകളിൽ താമസം, ഉച്ചഭക്ഷണം, ജീപ്പ് സഫാരി, ബോട്ട് യാത്ര, പ്രവേശന ഫീസ്, ഗൈഡ് സേവനം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിംഗിനുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുമായി 97479 69768, 94954 40444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.






