തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുന്നതിനാലാണ് തീരുമാനം. സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കുറ്റപത്രം സമർപ്പിക്കൂ എന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കൂടാതെ, പൊലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസും ഒന്നിച്ച് ചേർത്ത് ഒറ്റ കുറ്റപത്രമായി സമർപ്പിക്കാനാണ് നീക്കം.
അതേസമയം, കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിക്ക് കോടതി നോട്ടീസും അയച്ചു. 27 ദിവസം പ്രതി കസ്റ്റഡിയിൽ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ട് പോലീസ് കസ്റ്റഡി ആവശ്യപ്പെട്ടില്ലെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. മുൻ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വ. ഗീനകുമാരിക്കെതിരെ ആരോപണമുണ്ടെങ്കിൽ സർക്കാർ നിയമനടപടി സ്വീകരിക്കാമെന്നും, എന്നാൽ ഈ ഘട്ടത്തിൽ അവർക്ക് നോട്ടീസ് നൽകേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. കേസിലെ ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷമാകും അന്വേഷണത്തിന്റെ തുടർനടപടികൾ വേഗത്തിലാകുക.






