തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ വീണ്ടും ക്രമക്കേട് ആരോപണം ഉയരുന്നു. പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിർണയത്തിൽ വലിയ വീഴ്ച ഉണ്ടായതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു.
ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദമുള്ളവരെ സ്റ്റാറ്റിസ്റ്റിക്സ് എക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താൽ അയോഗ്യരാക്കിയതായാണ് പരാതി. പരീക്ഷ എഴുതിയ 80 പേരിൽ 79 പേരെയും അയോഗ്യരാക്കി, ഒരാളെ മാത്രം ഉൾപ്പെടുത്തി പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായും പറയുന്നു.
സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമിക്സിന്റെ ഭാഗമാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ യോഗ്യതയായി ഡിപ്ലോമ ആവശ്യപ്പെടുന്നത് പിഴവാണെന്നും അവർ പറയുന്നു. യോഗ്യത നിർണയത്തിൽ പിഎസ്‌സിക്ക് പിഴവ് പറ്റിയെന്നാണ് ഇപ്പോഴത്തെ പ്രധാന ആരോപണം.






