തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്നും കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. സനു, റോബിൻസൺ, ബാബു എന്നിവരെയാണ് കോസ്റ്റൽ പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. നടുക്കടലിൽ വള്ളം മറിഞ്ഞ് അപകടാവസ്ഥയിൽ കഴിയുകയായിരുന്നു ഇവർ. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് കോസ്റ്റൽ പൊലീസ് അറിയിച്ചു. ഇവരെ ഉച്ചയോടെ തീരത്ത് എത്തിക്കുമെന്നാണ് വിവരം.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇവർ മത്സ്യബന്ധനത്തിന് പോയത്. ശക്തമായ തിരയെ തുടർന്നാണ് അപകടം സംഭവിച്ചതെന്ന് പറയുന്നു. തിങ്കളാഴ്ച തിരിച്ചെത്തേണ്ടവരായിരുന്നെങ്കിലും എത്താത്തതിനെ തുടർന്ന് ബന്ധുക്കളും സഹപ്രവർത്തകരും തിരച്ചിൽ ആരംഭിച്ചു.
തുടർന്ന് ഫിഷറീസ് വകുപ്പും പൊലീസും ചേർന്ന് തിരച്ചിൽ ശക്തമാക്കി. വാടക ബോട്ടുകൾ ഉപയോഗിച്ചും തിരച്ചിൽ നടന്നു. കടലിന്റെ ഒഴുക്ക് തെക്കോട്ട് ആയതിനാൽ കന്യാകുമാരി, കുളച്ചൽ ഭാഗങ്ങളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചു. അവസാനം കോസ്റ്റൽ പൊലീസിന്റെ ഇടപെടലിലാണ് മൂന്ന് പേരെയും സുരക്ഷിതമായി കണ്ടെത്തിയത്.




