കൊച്ചി: പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിൽ വാടകവീട്ടിൽ അസം സ്വദേശിനി കൊല്ലപ്പെട്ടു. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനി നർസീന ഖാത്തൂൺ (29) ആണ് മരിച്ചത്. ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീൻ (40) പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം നടന്നത്.
ദമ്പതിമാരും അവരുടെ മൂന്ന് വയസ്സുള്ള മകളും താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഭാര്യാപിതാവിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ഇത് ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് അറിയിച്ചു.
പ്ലൈവുഡ് ഫാക്ടറിയിൽ നിന്ന് കൊണ്ടുവന്ന മരപ്പലക ഉപയോഗിച്ച് തലയിൽ അടിച്ചതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും കണ്ടെത്തി. സംഭവസമയത്ത് കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് പൊലീസ് എത്തുന്നതിന് മുൻപ് നാട്ടുകാർ ഇയാളെ പിടികൂടി. പിന്നീട് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുട്ടി ഇപ്പോൾ പ്രതിയുടെ സഹോദരന്റെ സംരക്ഷണയിലാണ്. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ നടക്കും. പെരുമ്പാവൂർ പൊലീസ് ഇൻസ്പെക്ടർ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.




